ലൈല മജ്‌നു പ്രണയ കഥ

By bindhya
October 26, 2020
1 min read

ലൈല, മജ്‌നു എന്നീ പേരുകള്‍ നമ്മള്‍ക്കേവര്‍ക്കും സുപരിചിതമായ പേരുകളാണ്, കമിതാക്കളെ പറ്റി പറയുമ്പോളോ ആദ്യം പറയപ്പെടുന്നു ചുരുക്കം പേരുകളില്‍ ഒന്നാണ് ലൈല മജ്‌നു. ഇവരുടെ പ്രണയം ദാരുണമായ അന്ത്യമുള്ളതായിരുന്നിട്ടും പ്രണയത്തിന്റെ അനശ്വര പ്രതീകങ്ങളായി ഇരുവരുടേയും പേര് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്. പക്ഷേ നമ്മളില്‍ എത്ര ആളുകള്‍ക്കറിയാം ലൈലയുടേയും മജ്‌നുവിന്റേയും പ്രണയ കഥ…? ലൈല മജ്‌നുവനെപ്പറ്റി പല കഥകളും പറഞ്ഞു കേള്‍ക്കാറുണ്ട്, അതില്‍ ഒന്ന്…ഇതാ ലൈലാ മജ്‌നു പ്രണയ കഥ…

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈല, ക്വായിസ് എന്ന് പേരുള്ള കമിതാക്കളുണ്ടായിരുന്നു. ക്വായിസ് എന്നാണ് മജ്‌നുവിന്റെ യഥാര്‍ത്ഥ പേര്, ലൈലയോടുള്ള അടങ്ങാത്ത സ്‌നേഹം ഭ്രാന്തമായതിനാല്‍ മജ്‌നു എന്ന് ക്വായിസ് നെ വിളിക്കപ്പെടുകയായിരുന്നു. മജ്‌നു എന്നാല്‍ ഭ്രാന്തന്‍ എന്നാണര്‍തഥം, ലൈലയോട് മജ്‌നുവിനുള്ളത് ഭ്രാന്തമായ സ്‌നേഹമായിരുന്നത് കൊണ്ടാണ് ഇങ്ങനെ വിളിക്കാനിടയായത്.

കൂട്ടിക്കാലം തൊട്ടേ ഇരുവരും ഒന്നിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവരാണ്. ഇരുവരും പരസ്പരം ഒരുപാട് സ്‌നേഹിച്ചിരുന്നു. കളിച്ചും ചിരിച്ചും രാവും പകലും ഒന്നിച്ചു ചിലവഴിച്ചിരുന്ന കാലം അധികം നിലനിന്നിരുന്നില്ല.

ഒരേ മദ്രസ്സയിലായിരുന്നു ഇരുവരും. ഉസ്താദ് എല്ലാവരോടും ‘അല്ലാഹ്’ എന്നെഴുതാന്‍ ആവശ്യപ്പെട്ടു.

എല്ലാവരും എഴുതി ‘അല്ലാഹ്’, മജ്‌നുവും പക്ഷെ മജ്‌നു എഴുതി ‘ലൈല’, ഉസ്താദ് കുപിതനായി വീണ്ടും ആജ്ഞാപിച്ചു ‘ കയസ്സ് എഴുതി പഠിക്കൂ അല്ലാഹ്’ , മജ്‌നു വീണ്ടും വീണ്ടും എഴുതി ‘ലൈല, ലൈല, ലൈല’.

കുപിതനായ ഉസ്താദ് ലൈലയെ ചൂണ്ടീക്കാണിച്ചു ചോദിച്ചു ‘ഈ പെണ്ണിനെ നീ അല്ലാഹ്‌നേക്കാള്‍ മുകളിലാണോ കാണുന്നത്…? ‘

കൈകള്‍ വലിച്ചു പിടിച്ചു അദ്ധേഹം മര്‍ദ്ധിക്കാന്‍ തുടങ്ങി, ഉസ്താദ് അടിച്ചുകൊണ്ടേ ഇരുന്നു മജ്‌നു എതിരൊന്നും പറയാതെ തല്ലു വാങ്ങികൊണ്ടേയിരുന്നു. ലൈല കരഞ്ഞു കൊണ്ട് പറഞ്ഞു ‘അടിക്കല്ലേ ഉസ്താദ് വേദനിക്കുന്നു’ എന്നിട്ട് അവളുടെ കൈകള്‍ നീട്ടി കാണിച്ചു കൊടുത്തു ആ കാഴ്ച കണ്ട ഉസ്താദ് ആകെ പരവശനായി. മജ്‌നുവിനു കൊണ്ട ഓരോ അടിയുടെ പാടുകളും ലൈലയുടെ കൈകളില്‍…

ഉസ്താദ് ഇരുവരുടേയും മാതാപിതാക്കളേയും വിളിച്ചു വരുത്തി ധരിപ്പിച്ചു. ്മജ്‌നുവിന് പഠിത്തത്തേക്കാള്‍ ലൈലയോടാണ് താല്‍പര്യം എന്ന് മനസ്സിലായതോടെ അവരുടെ ഇത്തരത്തിലുള്ള സ്‌നേഹത്തിനെ ഭയന്ന് അവരെ പിരിക്കുകയും ചെയ്തു. പരസ്പരം കാണാനിടയാകാതെയും മിണ്ടാനിടവരാതെയും കാലങ്ങള്‍ കഴിച്ചു കൂട്ടി… എന്നാലും ഇരുവരും അന്യോന്ന്യം മറന്നില്ല, പരസ്പരം പ്രണയിക്കാന്‍ പോലും…

കാലങ്ങള്‍ കടന്നു പോയി… കൗമാരം വന്നെത്തി… ഇരുവരും വീണ്ടും കണ്ടുമുട്ടി. പരസ്പരം തിരിച്ചറിയുകയും വീണ്ടും പ്രണയത്തിലാകുകയും ചെയ്തു. മജ്‌നു നിരന്തരം ലൈലക്ക് കവിതകള്‍ അയക്കാന്‍ തുടങ്ങി, ആരും കാണാതേയും അറിയാതെയും നിത്യേനെ കാണാനും തുടങ്ങി. രാത്രി കാലങ്ങള്‍ ഇരുവരും ഒന്നിച്ചു ചിലവഴിച്ചു, ലൈലക്ക് വേണ്ടി മജ്‌നു കവിതകള്‍ ചെല്ലുമായിരുന്നു, എഴുതുമായിരുന്നു. ലൈലക്ക് മജ്‌നുവിന്റെ കവിതകള്‍ ഏറെ ഇഷ്ടവുമായിരുന്നു. ഇരുവരും അത്രമേല്‍ അടുത്തു. മജ്‌നുവിന്റെ ശ്വാസ നിശ്വാസം പോലും ലൈലക്കുവേണ്ടി മാത്രമായിരുന്നു. ലൈല ജീവിക്കുന്നതോ മജ്‌നുവിനെ പ്രണയിക്കാനും.

പതിവുപോലെ ലൈലയെ കാണാനെത്തിയ മജ്‌നുവിനെ ലൈലയുടെ സഹോദരന്‍ തബ്‌രേശ് കാണാനിടയായി. ധനികനും ബഹുമാന്യനുമായിരുന്ന ലൈലയുടെ പിതാവിനും ജേഷ്ടനും സാമ്പത്തികമായി തങ്ങളോളം അല്ലാതിരുന്നതിനാലും ഭ്രാന്തനാണെന്നു പറയപ്പെടുന്നതിനാലും മജ്‌നു ലൈല ബന്ധം അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. അയാള്‍ കുപിതനായി ആര്‍ത്തു വിളിച്ചു വാളെടുത്തു വീശാന്‍ തുടങ്ങി വാളില്‍ നിന്നും ഓരോ മുറിവുണ്ടാകുമ്പോളും മജ്‌നു ലൈല തന്റേതാണെന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇത് തബ്രേശനെ കൂടുതല്‍ ക്ഷുബിതനാക്കി, അയാള്‍ മജ്‌നുവിനെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. മജ്‌നുവിനേല്‍ക്കുന്ന ഓരോ മുറിവുകളും ലൈലയെ വേദനിപ്പിച്ചു. ഇതറിയാമായിരുന്ന മജ്‌നു അങ്ങനെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ലൈലയുടെ സഹോദരനെ വധിക്കേണ്ടി വന്നു. മജ്‌നുവിന് മരണം വരെ കല്ലേറു ശിക്ഷയായി വിധിക്കപ്പെട്ടു.

ലൈലക്ക് സഹിക്കാവുന്നതിലും വലുതായിരുന്നു അത്. അവള്‍ കരഞ്ഞപേക്ഷിച്ചു, മജ്‌നുവിനെ കല്ലെടുത്തെറിയാതിരിക്കാന്‍ ആരും കേട്ടില്ല… അവസാനം പിതാവിനരികില്‍ പോയി മജ്‌നുവിനെ കാണുകയോ സംസാരിക്കുകയോ ഇല്ല ജീവനോടെ വിട്ടയച്ചാല്‍ മതിയെന്ന് അപേക്ഷിച്ചു. പിതാവ് മറ്റൊരാളെ വിവാഹം കഴിക്കുമെങ്കില്‍ വിട്ടയക്കാം എന്ന് പറഞ്ഞു. ഇത് കേട്ട ലൈല അവള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മജ്‌നുവിന്റെ ജീവനുവേണ്ടി ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന് വാക്ക് കൊടുത്തു.

സുന്ദരനും ധനികനുമായ തക്വിഫ് എന്ന വ്യാപാരിയായ യുവാവുമായി ലൈലയുടെ വിവാഹം നടത്തുകയും മജ്‌നുവിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി തള്ളുകയും ചെയ്തു ലൈലയുടെ പിതാവ്, മരുഭൂമിയിലൂടെ മജ്‌നു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു ലൈലക്കു വേണ്ടി. കണ്ണില്‍ പെടുന്ന കല്ലുകളിലെല്ലാം ലൈലക്കായ് കവിതകള്‍ കുറിച്ചിട്ടു.

മജനു ലൈലയുടെ വിവാഹത്തിന് ശേഷം ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു. ഏതാനം ദിവസങ്ങള്‍ക്കകം മജനു മരണമടഞ്ഞു. മജ്‌നു ജീവന്‍ കൈവിട്ട സമയം ലൈലയുടെ ഹൃദയവും നിലച്ചിരുന്നു.
മജ്‌നുവിനോടുള്ള വേര്‍പാട് സഹിക്കാനാകാതെ ലൈല ഹൃദയാഘാതം മൂലം മരണമടഞ്ഞു,

അങ്ങനെ മരണത്തിലൂടെ സ്വര്‍ഗ്ഗത്തിലവര്‍ ഒന്നിച്ചു എന്നാണ് കഥ. മജ്‌നു ലൈല കഥകള്‍ ആയിരത്തിലധികം ഉണ്ട്. പല കഥകളിലും മജ്‌നു ലൈല പ്രണയം പലതായാണ് വിവരിച്ചിരിക്കുന്നത്.

ഇവര്‍ വിവാഹം ചെയ്യുകയോ ആഗ്രഹങ്ങളോ വികാരങ്ങളോ നിറവേറ്റുകയോ ചെയ്യാത്തതിനാല്‍ ഇത്തരം കഥകളെ Virgin Love Stories എന്നാണ് വിളിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *