റൂമിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിക്കയാണ്, രാത്രിയേറെയായ് നല്ല മഴയാണ്, നിര്‍ത്താതെ പെയ്യുന്ന മഴ. വൈകുന്നേരം വരെ ചിണുങ്ങി ചിണുങ്ങി മാത്രം പെയ്‌തോണ്ടിരുന്ന മഴയാണ്, ഇപ്പോ ഇടിച്ചു കുത്തി പെയ്തിറങ്ങുകയാണ്… മഴ എന്നും എന്റെ ബലഹീനതയായിരുന്നു. മഴ എപ്പോഴൊക്കെ പെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചെറുവിരലെങ്കിലും ഞാന്‍ നനയ്ക്കാതിരുന്നിട്ടില്ല.
രാത്രി മഴ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടായിരിക്കും, ഒരു തണുപ്പ് നിലനിര്‍ത്തിക്കൊണ്ട് എല്ലാവരും ഉറങ്ങുമ്പോ ചെറു തണുപ്പോടെ ആ മഴയങ്ങനെ നില്‍ക്കും, മഴയുടെ ശബ്ദം അതും നല്ല താളാത്മകമാണ് ഒരു താരാട്ട് പോലെ… എല്ലാവരും ഉറങ്ങാനായി കാത്തിരിക്കയാണ് ഞാന്‍.
മഴയെന്നു കേള്‍ക്കുമ്പോഴേ കുറേയേറെ ഓര്‍മ്മകളാണ്. പണ്ടൊക്കെ മഴയെ ആഘോഷിച്ചിരുന്നതെങ്ങനെയെന്നാല്‍, ഏറ്റവും തല ചാഞ്ഞ തെങ്ങിന്‍ ചുവട്ടിലെ കുളിയായിരുന്നു, തെങ്ങോലയിലൂടെ ഒഴുകിയെത്തുന്ന മഴത്തുള്ളികള്‍ ഒന്നിച്ച് പെയ്യും തലയ്ക്ക് മീതെ, ഒരു പക്ഷെ എന്റെ ആദ്യത്തെ ഷവ്വര്‍ അനുഭവം അതായിരുന്നു. ഓരോ തെങ്ങും ഓരോരുത്തര്‍ക്ക് അതായിരുന്നു കണക്ക്. അച്ഛന്റെ പെങ്ങളുടേം അനിയന്റേയും മക്കളും കൂട്ടിനുണ്ടായിരുന്നു. അന്നതൊക്കെ സ്വര്‍ഗ്ഗ തുല്യമായിരുന്നു. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഏറ്റവും ചെറിയ പ്രായത്തിലെ മഴക്കാല ഓര്‍മ്മകളില്‍ ഒന്നാണിത്. അതിന് മുമ്പേയുള്ള മഴക്കാലങ്ങള്‍ എങ്ങനെയായിരുന്നെന്ന് കൃത്യമായി ഓര്‍മ്മയില്ല…
പിന്നീട് കുറച്ചുകൂടി ഒന്ന് വലുതായപ്പോ മഴയത്തിറങ്ങാന്‍ ആരും സമ്മതിക്കാതായ കാലത്ത്, കുറച്ചകലെയുള്ള വീട്ടില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ പോകണമായിരുന്നു അന്നൊക്കെ, ഞാനും അച്ഛന്റെ പെങ്ങടെ മോളും, അമ്മേടെ അനുജത്തീടെ മോളും. അവരായിരുന്നു കുഞ്ഞിലെ തൊട്ട് എന്റെ കൂട്ട്, രാവിലെ തന്നെ കുടവുമായി താഴെ പടിക്കെട്ടില്‍ മഴ വരുന്നുണ്ടോന്നു നോക്കി നിക്കും, ചെറുതായി ചാറുന്നുണ്ടെന്നു കണ്ടാല്‍ ഇറങ്ങിയോടും മഴ വരുന്നുണ്ട് ഇപ്പൊ പോകേണ്ട പിള്ളേരേന്ന് വീട്ടിന്ന് വിളിച്ചു പറയുന്നത് ഇടവഴിയോളം ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. എന്നാലും കേള്‍ക്കാത്ത പോലെ പോകും, കുറച്ചെത്തുമ്പോഴേക്കും മഴ നന്നായി പെയ്യും അത് മുഴുവന്‍ നനയും. ചോദിച്ചാല്‍ പറയാല്ലോ മഴ പെട്ടന്ന് ചെയതപ്പോ നനഞ്ഞതാണെന്ന്. അങ്ങനെയല്ലാന്ന് കേള്‍ക്കുന്ന അവര്‍ക്കും അറയാം. ചില സമയങ്ങളില്‍ ഞങ്ങളുടെ കാലാവസ്ഥാ നിരീക്ഷണ ഫലം തെറ്റാറുമുണ്ട് ചാറിയ മഴ മുഴുവിപ്പിക്കാതെ പോയ്ക്കളയും, എന്നാലും നനയാനുള്ള മോഹം കൊണ്ട് തലയിലൂടെ കിണറ്റിലെ വെള്ളം മുക്കിയൊഴിക്കും എന്നിട്ട് അവിടെ നല്ല മഴയായിരുന്നെന്ന് കള്ളം പറയും. ഇടക്ക് പിടിക്കപ്പെടും. തല്ലും കിട്ടും.
മഴക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന മഴത്തുള്ളി (പേര് ശരിക്കും ഓര്‍ക്കുന്നില്ല) മതിലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം ചെടിയിലെ മഴത്തുള്ളി കണ്ണിലെഴുതാനും ഞങ്ങള്‍ മറന്നിരുന്നില്ല. അതു പേലെ മതിലിലെ ഒരു തരം ഇല വച്ച് കയ്യില്‍ ടാറ്റുവും ചെയ്യാറുണ്ടായിരുന്നു. എന്താല്ലേ.., വേദനിക്കാതെ നല്ല സ്‌റ്റൈലന്‍ ടാറ്റു.
മഴക്കാലമായാല്‍ എന്റെ വീടിനടുത്തെ പൊട്ടക്കിണറ്റില്‍ (ചുറ്റു മതില്‍ ഇല്ലാത്ത കിണറാണ്) വെള്ളം കവിഞ്ഞൊഴുകും. അതൊഴുകി പോകും വഴിയിലെ ചെറിയ വെള്ളക്കെട്ടില്‍ ചെറിയ മീനുകളും ഉണ്ടാകും. ഗപ്പിയോ മറ്റോ ആയിരുന്നു. തെളി വെള്ളം ആയിരുന്നതുകൊണ്ട് കാണാന്‍ നല്ല ഭംഗിയായിരുന്നു. ചുവന്ന മണ്ണും കൊച്ചു കൊച്ചു കല്ലുകളും മീനുകളും, വെള്ളത്തിലൂടെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. കൈ കൊണ്ട് വരെ മീനുകളെ പിടിക്കാന്‍ പററുന്ന അത്രയും മീനുകളും ഉണ്ടായിരുന്നു ആ ചെറിയ ചെറിയ വെള്ളക്കെട്ടില്‍… ഇടക്ക് ചെറിയ നീര്‍ക്കോലികളും, ചേരയും ഉണ്ടാകാറുണ്ട്.
പടവുകള്‍ ഇളകി കിടക്കുന്ന നിറഞ്ഞൊഴുകുന്ന കിണറ്റില്‍ വെള്ളം കോരാന്‍ പ്രത്യേകിച്ച് തൊട്ടിയൊന്നും വേണ്ടാത്തതിനാല്‍ കുടത്തോടെ വെള്ളം കോരുന്നതും, അത്യാവശ്യം അപകട സാധ്യതയുണ്ടായിരുന്ന ഓരു ഹോബി കൂടി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പൊട്ടക്കിണറ്റിലേക്ക് കാലിട്ടിരിക്കുന്നതും അത്തരം ഒരു കളിയായിരുന്നു… അന്ന് ഞങ്ങളില്‍ ആര്‍ക്കും തന്നെ നീന്തലറിയില്ലതാനും.
സാധാരണ സമയത്ത് എല്ലാസമയവും ആളുകളുണ്ടാകുന്ന അമ്പലക്കുളത്തില്‍ പോലും മഴക്കാലത്ത് ആളുകളുണ്ടാകാറില്ല. അതുകൊണ്ട് ആരും അറിയാതെ അമ്പലക്കുളത്തില്‍ പെരും മഴയത്ത് കാലിട്ടിരിക്കാനും പോകുമായിരുന്നു. നീന്തലറയാത്തോണ്ട് കുളിക്കാനോ നീന്താനോ ഉള്ള സാഹസം കാണിച്ചിട്ടില്ല. ഇപ്പൊ ഓര്‍ക്കുമ്പോ പേടിയാകുന്നു. അന്ന് ഞങ്ങളിലാരെങ്കിലും കുളത്തില്‍ വീഴ്വോ മറ്റോ ചെയ്തിരുന്നെങ്കിലോ?
കാലങ്ങള്‍ കുറച്ചുകൂടി കടന്നപ്പോള്‍ മഴക്കാലങ്ങള്‍ ടെറസ്സുകളിലൂടെ മാത്രം അറിയാന്‍ തുടങ്ങി ഞങ്ങളുടെ മഴയോടുള്ള ഇഷ്ടത്തേയും ആവേശത്തേയും. ആ തെങ്ങൊക്കെ വെട്ടിയാണ് വീടുവെച്ചത്. തെങ്ങില്‍ നിന്നുറ്റുന്ന വെള്ളത്തിന് പകരം ടെറ്സ്സിന് മുകളില്‍ നിന്ന് പൈപിലൂടെ താഴേക്ക് വരുന്ന വെള്ളത്തിലേക്കുള്ള മാറ്റം പോലൂം അന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാനായില്ല.
പിന്നീട് സുഹൃത്തുക്കളോടൊപ്പം മഴയത്ത് കടലില്‍ കളിക്കാനും, മഴയത്ത് കുടയില്ലാതെ തണുത്ത ഐസ്‌ക്രീം കഴിച്ചു നടക്കാനും, റോഡില്‍ തളം കെട്ടിക്കിടക്കുന്ന മഴവെള്ളം തമ്മില്‍ തമ്മില്‍ തെറുപ്പിക്കാനും.., ആവേശകരമായ മഴയോര്‍മ്മകള്‍… ഇനിയൊരിക്കലും വീണ്ടും ആഘോഷിക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍…
കാലം കടന്നു പോയപ്പോള്‍ ഇപ്പോ മഴക്കാലത്തെ ബൈക്കിലും കാറിലുമായാണ് ആഘോഷിക്കുന്നത് പലരും, മഴയത്ത് കാറിലിരിക്കാനും ഒരു ചന്തം തന്നെയാ… നല്ലെ കടുത്ത മഴയാണെങ്കില്‍ ചുറ്റും മഴപെയ്യുന്ന പോലെ തോന്നും… പക്ഷെ എനിക്ക് മഴയത്ത് ബൈക്കില്‍ പോകാനാണ് കൂടുതലിഷ്ടം ഒരു തുള്ളി മഴവെള്ളം പോലും പാഴാകരുത്, എല്ലാം എന്നിലൂടെ തന്നെ വേണം ഭൂമിയിലെത്താന്‍… ഏറെ ദൂരം അങ്ങനെ പോകണം. മഴയത്ത് വിജനമായ റോഡിലൂടെ കുടയില്ലാതെ നടക്കാനും ഒത്തിരി ഇഷ്ടമാണ്. മഴ പെയ്യുമ്പോ കടലുകാണാനും പ്രത്യേക ഭംഗിയാണ്… എത്ര കണ്ടാലും കണ്ടാലും മതിവരില്ല.
ഇപ്പോ എല്ലാവരും ഉറങ്ങി… ഇന്ന് എനിക്ക് വീണ്ടും മഴ നനയണം. ഓര്‍മ്മകളോളം വരില്ലെങ്കിലും ഇതുവരെയുള്ളതില്‍ തീര്‍ത്തും വ്യത്യസ്തമായൊരോര്‍മ്മയെന്നോണം അടുത്ത മഴക്കാലത്തേക്കോര്‍ക്കാന്‍, ടെറസ്സില്‍ നിന്നും മഴ നനയാന്‍…