മങ്ങാട്ടച്ചനും പണിക്കരും

By bindhya
April 26, 2021
1 min read

പണ്ടൊക്കെ അച്ഛന് ഇടയ്‌ക്കൊക്കെ കഥ പറഞ്ഞു തരുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. രാത്രി കിടക്കുന്നതിന് തൊട്ട് മുമ്പേ ഞങ്ങള് മക്കളേം കൂടെ പിടിച്ചു ഇരുത്തി ഒത്തിരി കഥകള്‍ പറഞ്ഞു തരുമായിരുന്നു. മിക്കവാറും എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠം അല്ലെങ്കില്‍ എന്തെങ്കിലും ഒരു അറിവ് ലഭിക്കത്തക്കതോ അല്ലെങ്കില്‍ അച്ഛന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളോ കഷ്ടതകളോ ആയിരുന്നിരിക്കും. എല്ലാം ഒന്നും ഓര്‍മ്മയില്ലെങ്കിലും ഓര്‍മ്മിക്കുന്ന ചില കഥകള്‍ ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്. നിങ്ങള്‍ ഈ കഥകള്‍ മുമ്പേ കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല അഥവാ ഇല്ലെങ്കില്‍, എന്നിലൂടെ നിങ്ങള്‍ക്കും നിങ്ങളിലൂടെ അടുത്ത തലമുറകളിലേക്കും നമുക്കീ കഥകള്‍ എത്തിക്കാം.

പ്രൗഡിയും ആഡ്യത്തവും വിവേകവും ഒരു പോലെ കൈമുതലായുള്ള ഒരു നമ്പൂതിരിയായിരുന്നു മങ്ങാട്ടച്ചന്‍. അദ്ധേഹത്തിന്റെ ഇല്ലത്ത് എല്ലാ ദിവസവും വിശന്നു വരുന്നവന് അവന്‍ ആരായാലും ഉച്ചഭക്ഷണം നല്‍കുമായിരുന്നു, എന്നാല്‍ വെറുതെ ഭക്ഷണം ഭിക്ഷയായി നല്‍കില്ല, മങ്ങാട്ടച്ചന്‍ എന്തെങ്കിലും ജോലി ചെയ്യിച്ചേ ഭക്ഷണം നല്‍കുമായിരുന്നുള്ളു.

എന്നാല്‍ നാട്ടില്‍ കൗശലക്കാരനായ ഒരു പണിക്കരുണ്ടായിരുന്നു. എന്തു തന്നെ വന്നാലും ഒരു പണിം ചെയ്യാതെ തന്നെ മങ്ങാട്ടച്ചന്റെ ഇല്ലത്തൂന്ന് ഊണ് കഴിക്കും എന്ന് മനസ്സിലുറപ്പിച്ച് ഊണ് വിളമ്പുന്നതിന് തൊട്ടു മുമ്പേ പണിക്കരും മങ്ങാട്ടച്ചന്റെ ഇല്ലത്ത് ചെന്ന് കേറി പന്തീല് അങ്ങ് ഇരുന്നു. ഉണ്ണാന്‍ ഇരുന്നോട്ത്തിന്ന് എണീപ്പിച്ച് പണി എടുപ്പിക്കില്ലാല്ലോ മങ്ങാട്ടച്ചന്‍ എന്ന് മനസ്സില്‍ കണക്ക് കൂട്ടി എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില് ചോദിച്ചു ‘ ഊണ് കാലായോ മങ്ങാട്ടച്ചോ? വിശന്ന് കണ്ണ് കാണാതായീ’

മങ്ങാട്ടച്ചന് കുഞ്ഞാലി മൗല്യാരെ കൗശലം മനസ്സിലായി. എന്നാലും ഒന്നും മനസ്സിലാവാത്ത ഭാവത്തില് പറഞ്ഞു. ‘ ഇല്ല്യ പണിക്കരേ, ഇങ്ങോട്ട് ഉമ്മറത്തേക്ക് ഇരുന്നോളൂ, ഇനി ഉപ്പേരി കൂടി ആവാനുണ്ട്’ ഇതും പറഞ്ഞ് അകത്തേക്ക് നോക്കി ഭാര്യയോടെന്നോണം മങ്ങാട്ടച്ചന്‍ ഇങ്ങനെ പറഞ്ഞു ‘ ഉപ്പേരിക്കുള്ള പയറിങ്ങെടുത്തോ, ഞാന്‍ നുള്ളിത്തരാം ന്നാ പെട്ട്ന്ന് ആവ്വ്വല്ലോ’

ചോദിച്ച ഉടനെ തന്നെ ഒരു മുറത്തില് പയറ് ഉമ്മറത്തെത്തി.

മങ്ങാട്ടച്ചനും പണിക്കരും കുശലം പറഞ്ഞു തുടങ്ങി, മങ്ങാട്ടച്ചന്‍ പയറ് നുള്ളി തുടങ്ങി. കഥയില്‍ മുഴുകി തുടങ്ങിയപ്പോള്‍ മങ്ങാട്ടച്ചനൊപ്പം പണിക്കരും കൂടെ കൂടി പയറ് നുള്ളാന്‍ തുടങ്ങി. പതിയെ മങ്ങാട്ടച്ചന്‍ പയറ് നുള്ളിന്നത് നിര്‍ത്തി. ബാക്കി മുഴുവനോം പണിക്കരും നുള്ളി തീര്‍ന്നതും, അത് ഉപ്പേരിയാക്കാന്‍ എടുത്തു കൊടുത്ത കഥയൊന്നും പണിക്കര് ശ്രദ്ധിച്ചില്ല. ഉപ്പേരി കൂടെ ആയപ്പോള്‍ മങ്ങാട്ടച്ചന്‍ എല്ലാര്‍ക്കും ഊണ് വിളമ്പിക്കോളാന്‍ പറഞ്ഞു. പണിക്കരും മങ്ങാട്ടച്ചനും മറ്റ് അന്തേവാസികളും എല്ലാം ഊണ് കഴിക്കാന്‍ തുടങ്ങി. പണിക്കരാണേൽ തന്റെ കൗശലം ജയിച്ചതിന്റെ ആനന്ദത്തില്‍ ഊണ് കഴിച്ച് എണീറ്റ ഉടനെ തന്നെ മങ്ങാട്ടച്ചനോട് ഇങ്ങനെ പറഞ്ഞു ‘ മങ്ങാട്ടച്ചൻ പറഞ്ഞില്ലേ എന്തേലും പണിയുടെ പ്രതിഫലമായേ ഭക്ഷണം കൊടുക്കയുള്ളൂ എന്ന്, ഞാനിപ്പോൾ ഒരു പണീം ചെയ്യാതല്ലേ ഊണ് കഴിച്ചേ’ ന്നും പറഞ്ഞ് കളിയാക്കി ചിരിക്കാന്‍ തുടങ്ങി.

മങ്ങാട്ടച്ചന്‍ ഇത് എന്നോടല്ലെന്ന ഭാവത്തില്‍ ഊണ് മുഴുവനും കഴിച്ച് എണീറ്റ് കയ്യും കഴുകി തുടച്ച് ചാര് കസേരയില്‍ ഇരുന്നു.

പണിക്കരാണേൽ ചിരി നിര്‍ത്തണും ഇല്ല.

മങ്ങാട്ടച്ചന്‍ പറഞ്ഞു ‘ഞാനിപ്പോഴും പറയണത് അതെന്ന്യാ, ഒരു പണീം എടുക്കാതെ ഞാന്‍ ദാനായിട്ട് ആര്‍ക്കും ഭക്ഷണം എന്നല്ല ഒന്നും കൊടുക്കില്ല്യ, പണിക്കര്‍ക്കും തന്നിട്ടില്ല്യ’

പണിക്കരാണേൽ ചിരി തുടര്‍ന്നോണ്ടിരുന്നു.

‘ഇന്ന് വെച്ച ഉപ്പേരിന്റെ പയറ് നുള്ളീത് താനാണ്., അതാണ് തന്നെ കൊണ്ട് ഞാന്‍ ചെയ്യിച്ച ജോലി. വര്‍ത്താനത്തിന്റെ ഇടേല് താനത് ശ്രദ്ധിക്കാതെ ചെയ്തതാണേലും അതിന്റെ കൂലിയായാണ് പണിക്കര് ഉച്ചയൂണ് കഴിച്ചത്’ ഒരു പരിഹാസത്തിൽ മങ്ങാട്ടച്ചൻ പറഞ്ഞു നിർത്തിയതോടെ പണിക്കരുടെ ചിരി മങ്ങി. പണിക്കര് ചൂളിപ്പോയി. മങ്ങാട്ടച്ചന്‍ ചിരി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *