കിണി എന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ്. പ്രായത്തില്‍ എന്റെ ചേച്ചിയാണെങ്കിലും ചേച്ചി എന്ന് വിളിക്കാനേ തോന്നാറില്ല (കയ്യലിരിപ്പ് അങ്ങനെയാണ്). കൊച്ചിലെ മുതലെ ഉള്ള സൗഹൃദങ്ങളില്‍ കണ്ണി വിട്ടു പോകാതിരുന്ന ഏക സൗഹൃദം ഇവളുമായി മാത്രമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കിണിയുടെ തന്നെയാണ്. അവളാണ് എപ്പോഴും മുന്‍കൈ എടുത്ത് ഞങ്ങളുടെ സൗഹൃദം സൂക്ഷിച്ചു പോന്നത്
ഒത്തിരി ഓര്‍മ്മകളാണ് ഇവളുമായി ബന്ധപ്പെട്ടിട്ട് എനിക്കുള്ളത്. കസിന്‍സ് ആയിരുന്നല്ലോ, അപ്പോ ആദ്യത്തെ ഓര്‍മ്മകള്‍ കുഞ്ഞായിരുന്നപ്പോഴുള്ളതാണ്. അവയെല്ലാം അവ്യക്തവുമാണ്. മാമന്റെ വീട്ടിലേക്ക് അവധിയാഘോഷിക്കാന്‍ പോകുന്ന ദിവസങ്ങളിലായിരുന്നു ആദ്യമൊക്കെ കിണിയേയും ബാക്കി കസിന്‍സിനേയും കാണാറ്. പക്ഷേ അത്ര ചെറുപ്പത്തിലെ ഞാനും കണിയും വല്ല്യ കൂട്ടൊന്നും ഇല്ലായിരുന്നു തന്നെയാണെന്റെ ഓര്‍മ്മ. അന്നൊക്കെ ഞാന്‍ എന്റെ മാമന്റെ മകനോടായിരുന്നു കൂട്ട് എന്നാണ് എന്റെ ഓര്‍മ്മ., കിണി അമ്മയുടെ മറ്റ് സഹോദരിമാരുടെ മക്കളോടും. പിന്നെ എപ്പോഴാണ് അവളെനിക്കും കൂട്ടായ മാറിയതെന്ന് ചോദിച്ചാല്‍… പ്രായം കൂടി വന്നതിനനുസരിച്ച് എന്ന് വേണം പറയാന്‍, എനിക്ക് പ്രായം കൂടി വരുന്നതിനനുസരിച്ച് അവളെന്റേം കൂടി സുഹൃത്തായി മാറി. അതല്ലെങ്കിലും അങ്ങനെയല്ലേ? ജീവതത്തിന്റെ ഓരോ ഘട്ടത്തിലും പലരും മാറും പലരേം നമ്മള്‍ മറക്കും, പുതിയ പലരും കൂട്ടിനു വരികയും ചെയ്യും.
ചെറുതായിരുന്നപ്പോള്‍ എന്ത് രസായിരുന്നു. ഓരോ അവധികളും ഓരോ റിലേറ്റീവ്‌സിന്റെ വീട്ടിലായിരുന്നു. ഒരു പിടി ഓര്‍മ്മകളും അങ്ങനെ ഓരോ അവധിക്കാലത്തും… കൂട്ടത്തില്‍ ഏറ്റവും ഇഷ്ടം കണിയുടെ വീട്ടില്‍ പോയി അവധി ആഘോഷിക്കാന്‍ തന്നെയായിരുന്നു, അതിനൊരു കാരണവും ഉണ്ട്. അവളുടെ വീടുള്ള സ്ഥലത്ത് നല്ല വെള്ളം ഒഴുകി പോകുന്ന ഒരു തോടുണ്ടായിരുന്നു. അലക്കാനും കുളിക്കാനും കൂട്ടത്തിലെ മുതിര്‍ന്ന കസിന്‍സിനൊപ്പം ഞങ്ങള്‍ പോക്വായിരുന്നു. അധികം ആഴംഇല്ലാത്ത അടി വരെ തെളിഞ്ഞു കാണുന്ന ആ തോട്ടിലായിരുന്നു. കുളിയും കളിയും നനയും എല്ലാം… അലക്കാന്‍ കൊണ്ടുപോകുന്ന തുണിവച്ച് മീന്‍ പിടിച്ചും കളിച്ചിട്ടുണ്ട് അന്നൊക്കെ ഓര്‍ക്കുമ്പോ എന്തോ നഷ്ടപ്പെട്ടപോലെ ഒരു തോന്നലാണ്. വലുതാകേണ്ടായിരുന്നു.
ഒരു പ്രായത്തിന് ശേഷം കിണി കുറച്ച് കാലം എന്റെ വീട്ടിലായിരുന്നു, ഒരു കോഴ്‌സ് കംപ്ലീറ്റ് ചെയ്യാന്‍. അതായിരുന്നു ഞങ്ങളുടെ ലൈഫ്‌ലെ ഗോള്‍ഡന്‍ ഡേയ്‌സ്. അമ്മയും അച്ഛനും രാവിലെ ജോലിക്ക് പോയാല്‍ പിന്നെ വീട് ഞങ്ങളുടെ സ്വര്‍ഗ്ഗമായിരുന്നു. ചെയ്യുന്ന എല്ലാ ജോലിയും ഞങ്ങള്‍ക്ക് കൡയായിരുന്നു. ഓരോ യാത്രകളും ഹരമായിരുന്നു.
അന്ന് ഞങ്ങളുടെ പ്രായമുള്ള ബാക്കി കുട്ടികളൊക്കെ വെക്കേഷന്‍സിന് യാത്രകളൊക്കെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പോലെയുള്ള സ്ഥലങ്ങളായിരുന്നു എന്നാല്‍ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഞങ്ങളെ ക്ഷേത്രദര്‍ശനത്തിന് കൊണ്ടുപോകാനായിരുന്നു താല്‍പര്യം. ഞങ്ങളാകട്ടെ ആ പ്രായത്തില്‍ പോയിരുന്ന അമ്പലങ്ങളിലെ മൂര്‍ത്തിയെ കണ്ടിരുന്നോ എന്നു പോലും സംശയം ആണ്. ഒരിക്കല്‍ അങ്ങനെ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ 3 പേരെ പരിചയപ്പെടുകയും പിന്നീട് ഞങ്ങളുടെ നല്ല സുഹൃത്തുകാകുകയും ആ സൗഹൃദം ഞങ്ങളിന്നും നിലനിര്‍ത്തി പോരുകയും ചെയ്യുന്നുണ്ട്. അന്ന് അമ്പലങ്ങളിലെത്ത്യാല്‍ പിന്നെ ഞങ്ങള്‍ക്ക അത്യാവശ്യം സ്വാതന്ത്ര്യം ആണ്. എല്ലാവരും അമ്പലങ്ങളില്‍ തൊഴാനും മറ്റും പോയാല്‍ ഞങ്ങള്‍ കസിന്‍സ് എല്ലാവരും കൂടി കറങ്ങി നടക്കും തിരിച്ച് റൂമിലേക്കുള്ള വഴിക്ക് ഓരോരുത്തര് അടയാളം കണ്ടുവെക്കും അങ്ങനെ ഒരിക്കല്‍ ഗുരുവായൂര്‍ പോയിട്ട് ആനപ്പിണ്ടം നോക്കി പോയി ആനപ്പന്തി വരെ നടന്നു പോയി തിരിച്ചു വന്നിട്ടുണ്ട്. വാകച്ചാര്‍ത്ത് കാണാന്‍ അമ്മയും കൂട്ടരും പോയാല്‍ പുലര്‍ച്ചെ ആ ഇരുട്ടത്ത് ചുമ്മ നടക്കാനിറങ്ങാറുമുണ്ട് (അതിന് കൂട്ടത്തിലെ മുതിര്‍ന്ന രണ്ട് ആണ്‍തരി (കൂട്ടത്തില്‍ മുതിര്‍ന്നവരായിരുന്നെങ്കിലും അവരും പീക്കിരികള്‍ തന്നെയായിരുന്നു) പ്രൊട്ടക്ഷന് ഉണ്ടായിട്ടുണ്ട്). പിന്നീടും എത്രയെത്രയോ അമ്പലങ്ങള്‍ ഞങ്ങളുടെ കുട്ടക്കാലത്ത് നിരങ്ങിയിരിക്കുന്നു. ഓരോ സ്ഥലങ്ങളലും സമയങ്ങളിലും ഓരോ വികൃതികള്‍. ഒരു ഹരം തന്നെയായിരുന്നു.
ഇനിപ്പം എവിടേം പോയില്ലെങ്കിലും വീട്ടല്‍ എവിടേലും കിടക്കുന്ന കണ്‍മഷി വച്ച് എല്ലാര്‍ടേം മുഖത്ത് വാരിത്തേച്ച് ഒരു ഫാഷന്‍ ഷോ നടത്തും, ഉച്ചത്തില്‍ പാട്ടും വച്ച് കയ്യും കാലും വേദനിച്ച് പൊന്താത്ത വിധം തുള്ളിക്കളിയും, അമ്മയുടെ സാരി ഒക്കെ ഉടുത്തു ചുമ്മ അതുവഴിയൊക്കെ നടക്കും, കുറെ തുണി തിരുകി കേറ്റി ഗര്‍ഭിണിയാകും. കൂട്ടത്തിലാര്‍ക്കാണ് ചേര്വാന്ന് നോക്കും. പാതിര വരെ കഥയും പറഞ്ഞ് കിടക്കും. രാത്രി 3 മണിയൊക്കെ വരെ ഓരേ ഇരുപ്പാണ്, എന്നിട്ട് ആ സമയത്തു എന്തേലും കഴിച്ച് പിന്നെയാണ് ഉറങ്ങുന്നതിനെ പറ്റിപോലും ചിന്തിക്ക്വ. രാവിലെ എണീക്കാനും പറ്റില്ല, അതിന് രാവിലെ വയറ് നിറയെ വഴക്കും കേള്‍ക്കും. റോഡിലൂടെ പോകുന്ന പൂച്ചയെ പോലും വെറുതെ വിടില്ലായിരുന്നു ഞങ്ങള്‍. വീട്ടിലെ വാട്ടര്‍ ടാങ്ക് ആയിരുന്നു അന്നത്തെ ഞങ്ങളുടെ സ്വീംമ്മിംഗ് പൂള്‍… ഉപ്പുമാങ്ങ ഭരണിയിലിട്ടു വച്ച പോലെ ഞങ്ങള്‍ 3 പേര്‍ ടാങ്കില്‍ കിടക്ക്വായിരുന്നു. ഞാനും കിണിയും ടിന്റുവും. ഇപ്പോ മുതിര്‍ന്നപ്പോള്‍ ഇങ്ങനെ ഓര്‍ക്കാന്‍ എന്തൊക്കെ ചെയ്തുവച്ചെന്ന് ഓര്‍ക്കുമ്പോള്‍ ആ ദിനങ്ങള്‍ ഇനി മടങ്ങി വരില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഒന്നുകൂടി ജീവിക്കാന്‍ ആഗ്രഹിക്കുകയാണ്.
ഇനിയും ഓര്‍ക്കാത്തതും ഓര്‍ത്തിട്ടും പറയാത്തതും പറയാനാകാത്തതുമായ ഒത്തിരി ഓര്‍മ്മകളാണ് കിണീടേതായുള്ളത്. ഇന്നവളുടെ പിറന്നാളാണ്, ഇന്ന് അവളേം അവളെ പറ്റിയുള്ള ഓര്‍മ്മളും ഇവിടെയെത്താന്‍ അതാണ് കാരണം.