എന്നെ തേടി കൊറോണ വന്ന വഴി…

By bindhya
In Memoir
October 12, 2020
1 min read

അങ്ങനെ ലോകം മുഴുവൻ പേടിയോടെ നോക്കിക്കാണുന്ന, ആ വൈറസ് എന്നിൽ നിലകൊണ്ടിരുന്നു എന്ന് നിങ്ങളെ ഏവരേയും ഞാൻ സന്തോഷത്തോടുകൂടി അറിയിക്കുകയാണ്… എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനെ ഇത്രപെട്ടന്ന് വരുമെന്നും ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അപ്പൊ ഇങ്ങനെയായിരുന്നു സംഭവം… എന്നും എന്റെ സ്വന്തം വീട്ടിൽ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, എന്റെ ഭർത്താവിനും മകൾക്കുമൊപ്പം വൈകുന്നേരങ്ങളിൽ, ഏതാനം മണിക്കൂറുകൾ വീട്ടിൽ ചിലവഴിക്കാറുണ്ട്… അങ്ങനെ വീട്ടിൽ കയറിയിറങ്ങിയ നാളുകളിൽ എന്റെ അമ്മയിൽ (അമ്മയ്ക്ക് അമ്മ ജോലി ചെയ്യുന്ന ബാങ്കിൽ നിന്നാണ് കിട്ട്യത്) നിന്നും എനിക്കും എന്റെ മോൾക്കും ഭർത്താവിനും കൊറോണ ഒരു കൂട്ടായികിട്ടുകയാണ് സുഹൃത്തുക്കളേ… മാസ്ക് വെയ്ക്കുമായിരുന്നുവെങ്കിലും വീട്ടിലെത്തിയാൽ അഴിച്ചു വെക്കുമായിരുന്നു, വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നുണ്ട്. കുറച്ച് നേരത്തേക്ക് മാസ്ക് വയ്കുമ്പോളുള്ള ബുദ്ധിമുട്ടിനെ കണക്കിലെടുത്തു മാസ്ക് അഴിച്ചു വച്ചതുകൊണ്ട് ഇപ്പോ മണിക്കൂറുകളളോളം മാസ്ക് വെക്കേണ്ട ​ഗതികേടാണ്… അമ്മ പോസിറ്റീവ് ആയതോടെ ഏകദേശം 5 വീടുകളാണ് ക്വാറന്റൈൻ ഇരിക്കേണ്ടി വന്നത്. ഒരു പറമ്പിൽ അടുത്തടുത്തായി അച്ഛച്ചന്റെ ജേഷ്ടാനുജൻമാരുടെ മക്കളും മരുമക്കളും കഴിയുന്നത്. എല്ലാവരും പരസ്പരം ഇടപഴകുന്നവരാണ്. അമ്മ പനിച്ചു കിടന്നപ്പോൾ സഹായിക്കാൻ വന്ന അച്ഛന്റെ പെങ്ങളും കുടുംബവും ക്വാറന്റൈനായി. എന്റെ അനുജത്തിക്കും അച്ഛമ്മയ്ക്കും (അച്ഛമ്മ ചില ആരോ​ഗ്യ പ്രശ്നങ്ങളാൽ എന്റെ വീട്ടിലായിരുന്നു) അച്ഛമ്മയെ കാണാൻ വന്നു പോയ ആന്റിക്കും അവരുടെ ഭർത്താവിനും ഭർത്താവിന്റെ അനിയനും ഭാര്യയ്ക്കും മക്കൾക്കും എല്ലാം പിന്നീട് പോസിറ്റാവുകയുണ്ടായി. അച്ഛനും ലക്ഷണങ്ങൾ കാണിക്കുകയുണ്ടായി. അച്ഛമ്മയെ ശുശ്രൂഷിച്ച ആന്റിക്കും പോസിറ്റീവ് ആയി.

എന്നത്തേയും പോലെ ആ വെള്ളിയാഴ്ചയും ഞങ്ങൾ വീട്ടിൽ പോയി, അമ്മയ്ക്ക് ചെറിയ ശാരീരിക അസ്വസ്ഥകൾ ഉള്ളതായി അറിയിച്ചു., തൊണ്ട വേദനയാണ്, കഴിഞ്ഞ ദിവസം കുടിച്ച ജ്യൂസിനായിരുന്നു പഴി, അമ്മയെ പോലെ ഞങ്ങളും ജ്യൂസിനെ തന്നെയാണ് പ്രതിയായി കണ്ടത്., അതുകൊണ്ട് അമ്മയോട് ശ്രദ്ധിക്കാൻ പറഞ്ഞു തിരിച്ചു പോന്നു… ശനിയാഴ്ച രാവിലെ അമ്മ വിളിച്ചു പറഞ്ഞു ഇന്ന് ആരും ഇങ്ങോട്ട് വരണ്ട അമ്മ കൊവിഡ് ടെസ്റ്റ്ന് കൊടുത്തിട്ടുണ്ടെന്ന്… അപ്പോൾ പോലും അത് പോസിറ്റീവ് ആയേക്കാമെന്ന് ഒരു ചിന്ത പോലുമുണ്ടായില്ല, എന്നാലും വൈറൽ ഫീവറോ മറ്റോ ആയാൽ മക്കൾക്ക് പകരാൻ സാധ്യതയുണ്ട് എന്ന് കണക്കിലെടുത്ത് വീട്ടിലേക്ക് പോയില്ല… ഏകദേശം രാത്രി 10 മണിക്ക് എന്റെ അച്ഛന്റെ ഫോണിൽ നിന്നും ഒരു കോൾ എനിക്ക് വന്നു, അച്ഛൻ അനാവശ്യമായി എന്നെ വിളിക്കാറില്ല എന്നുള്ളത് എന്റെ മനസ്സിൽ ഒരു സംശയം തോന്നിപ്പിക്കാനിടയായി.., അച്ഛനോട് ഞാൻ ചോദിച്ചതു തന്നെ ഞാൻ സംശയിക്കുന്നതാണോ അച്ഛന് എന്നോട് പറയാനുള്ളതെന്നാണ്… അതെ എന്നും അച്ഛൻ പറഞ്ഞു, അപ്പോൾ മുതൽ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടേ ഇല്ല ഞങ്ങൾ നാല് പേരും… പിന്നെ ഒരു ഇരുട്ടായിരുന്നു കണ്ണിലാകെ, പേടി എന്നെ പറ്റിയായിരുന്നില്ല, വീട്ടിൽ ഒരു കാൻസർ പേഷ്യന്റ് ഉണ്ടായിരുന്നു, ഞാൻ വളരെ അടുത്തിടപെടുന്ന ആളാണ് എന്നതിനാൽ വല്ലാത്തൊരു പേടി തോന്നി, ഞാനും ഭർത്താവും രണ്ട് മക്കളും ശനിയാഴ്ച രാത്രി മുതൽ റുമിനകത്തു തന്നെയാണ്. തൊട്ടടുത്ത മുറിയിൽ ഭർത്താവിന്റെ ചേച്ചിയും അവരുടെ മകനും ഉണ്ട്… അവരെ വിവരം അറിയിച്ചു, ചേച്ചി അമ്മയെ വിളിച്ചു പറഞ്ഞു (എല്ലാവരും ഉറങ്ങാൻ കിടന്നിരുന്നു). രാവിലെ തന്നെ താഴേക്ക് മാറാമെന്ന് പറ‍ഞ്ഞു. രാത്രി മുഴുവൻ ചിന്തകളായിരുന്നു. ചേച്ചിയുടെ മകനെ ഓർത്തും ഭർത്താവിന്റെ അമ്മയെ ഓർത്തും, പിന്നെ പ്രാർത്ഥനയും ഞാൻ നിമിത്തം അവർക്കൊന്നും സംഭവിക്കാനിടവരരുതേ എന്ന്.

ഈ ബഹളങ്ങൾക്കിടയിൽ മക്കളെ ഉറക്കാനൊക്കെ വൈകി.,മകന് അത്യാവശ്യം തിരിച്ചറിവുണ്ട്, കൊറോണ എന്താണെന്ന് അവനും അറിയാം അവനും പേടി പ്രകടിപ്പിച്ചു. അവരുറങ്ങി കഴിഞ്ഞപ്പോൾ അൽപം കുറ്റബോധത്തോടെ തന്നെ ഞാൻ എന്റെ ഭർത്താവിനോട് എന്റെ പേടികളെ പറ്റി സംസാരിക്കാൻ തുടങ്ങി, കുറ്റബോധം എന്തെന്നാൽ, കൊറോണ വന്ന കാലം മുതൽ അത്രയേറെ ശ്രദ്ധിച്ചാണ് അദ്ദേഹം ജീവിക്കുന്നത്. ഞങ്ങളേയും അതിന് നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്റെ സ്വാർത്ഥതയായിരുന്നു എനിക്കെന്റെ മാതാപിതാക്കളെ എന്നും കാണണം, എന്റെ സന്തോഷത്തിന് വേണ്ടി കണ്ണടിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെ എന്നെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. മറ്റെല്ലാവരേയും പോലെ കൊറോണ ഞങ്ങളുടെ വീട്ടിലൊന്നും വരില്ല എന്നൊരു അബദ്ധ ധാരണ എനിക്കുണ്ടായിരുന്നു എന്നു തന്നെ പറയാം. വരാനുള്ളതു വന്നു ഇനി നേരിടാം എന്ന ഒരാശ്വാസ വാക്കോടെ അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഉറങ്ങാനാകാതെ അന്ന് നേരം വെളുപ്പിച്ചു…

ഞായറാഴ്ച രാവിലെ ഭർത്താവിന്റെ ചേച്ചി (പ്രസവിച്ചിട്ട് 3 മാസം ആയതേ ഉള്ളൂ)യും അവരുടെ മകനും താഴെയ്ക്ക് മാറി. അതോടെ അത്യാവശ്യം ടെറസ്സിൽ പോകോമെന്നായി. കുറച്ച് കൃഷിയുണ്ട് എനിക്ക് ടെറസ്സിൽ അതിനെ പരിപാലിച്ചും മക്കളെ നോക്കിയും ജോലി ചെയ്തും സമയം പോയ്ക്കൊണ്ടിരുന്നു, അച്ഛൻ ഷോപ്പിൽ പോകാതെയായി, സമയാ സമയം ഭക്ഷണം റൂമിന് പുറമെ എത്തിക്കാൻ തുടങ്ങി… 6 വയസ്സുള്ള മകനും 1 1/2 വയസ്സുള്ള മകളും ഒരു മുറിക്കകത്ത് തന്നെ ഇരുത്തുക എന്നത് തന്നെ വലിയ ടാസ്ക് ആയിരുന്നു… അൺലിമിറ്റഡ് നെറ്റും ലാപും ഉള്ളതുകൊണ്ട് അതിനൊരു ചെറിയ ആശ്വാസം കിട്ടി… മോൾക്ക് കാത്തുവും, മോന് മൈൻ ക്രാഫ്റ്റും… ഒരാൾ ഫോണിലും മറ്റേആൾ ലാപിലും…

തിങ്കളാഴ്ച പതിവുപോലെ ഞങ്ങൾക്ക് വർക്കിം​ഗ് ഡെ ആയിരുന്നു. പതിവുപോലെ തന്നെ ഞങ്ങൾ വർക്ക് ചെയ്തു. മക്കൾ കാർട്ടൂൺസും കറച്ച് കളികളും പെയിന്റിങ്ങും എല്ലാം ആയി വലിയ പ്രോബ്ലം ഇല്ലാതെ കഴിച്ചു കൂട്ടി. നേരത്തെ മക്കളെ ഉറക്കി ഞങ്ങളും ഉറങ്ങാൻ കിടന്നു. പൊതുവേ ചൂടു കൂടുതലായ എനിക്ക് അന്ന് വല്ലാതെ തണുപ്പ് തോന്നി, പനിയാണ് ഉറപ്പിച്ചു, ഇനി കൊറോണ ആണോന്നേ അറിയേണ്ടതുള്ളു. രാവിലെ നോക്കാം എന്നും കരുതി കിടന്നു. രാത്രി കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് സഹിക്കാനാവാത്ത ഒരു തലവേദനയും പനിയും ഉറങ്ങാൻ പറ്റുന്നേ ഇല്ല, ഒരു ചുക്കു കാപ്പി കുടിച്ചപ്പോൾ പനിയങ്ങു പോയെങ്കിലും തലവേദന അങ്ങനെ നിന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

ചൊവ്വാഴ്ച രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി RTPCR ടെസ്റ്റ് ചെയ്തു. മൂക്കിലേക്ക് ഇയർ ബഡ്സ് പോലെ ഒരു ബഡ്സ് കുത്തിയാണ് ടെസ്റ്റ്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് വരുകയുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും എത്ര തവണ ലാബിൽ വിളിച്ച് ചോദിച്ചുകാണും എന്ന് പറയാനാവില്ല. പിന്നീട് പനിയും തലവേദനയൊന്നും ഉണ്ടായിട്ടേ ഇല്ല എങ്കിലും മക്കളിൽ നിന്നും പരമാവധി അകലം പാലിക്കാൻ ശ്രമിച്ചു. ടെൻഷനൊക്കെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞാശ്വസിച്ചു. അവരിലൂടെ കിട്ട്യ ധൈര്യം പറ‍ഞ്ഞറിയിക്കാനാവാത്തതു തന്നെയാണ്.

ബുനാഴ്ച റിസൾട്ട് വന്നു. എനിക്ക് പോസിറ്റീവ്… ഊഹിച്ചതു തന്നെയാണ് സംഭവിച്ചത്, പോസിറ്റീവാണ് എന്നറിഞ്ഞതോടെ പേടി മാറി ഇനി നേരിടാം എന്ന ധൈര്യമായി. എന്നാലും ടെൻഷൻ അപ്പോഴും ഉണ്ടായിരുന്നു. എന്നിലൂടെ ആർക്കെങ്കിലും വന്നുകാണുമോ എന്ന്. ഭർത്താവിനും മോൾക്കും ചെറുതായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാൽ മകന് ഒന്നും ഇല്ലായിരുന്നു. എന്റെ റിസൾട്ട് വന്ന് ഏതാനം മണിക്കൂറുകൾക്ക് ശേഷം ഭർത്താവും മകനും ടെസ്റ്റ് ചെയ്യാൻ കൊടുത്തു. റിസൾട്ട് വരുന്നതുവരെ തൊട്ടടുത്ത റൂമിലേക്ക് താമസം മാറി… മകന് ഒരു ലക്ഷണവുമില്ലല്ലോ പോസിറ്റീവായ എന്റെ കൂടെ ഒരു മുറിയിൽ കഴിയുന്നത് റിസ്ക് ആയിരുന്നു. ഭർത്താവ് മകനോടൊപ്പം ആയിരുന്നുവെങ്കിലും അവനിൽ നിന്നും ദൂരം പാലിച്ചു തന്നെ നിന്നു. രാത്രിയോടടുത്തപ്പോഴേക്കും ഭർത്താവിനും പനിക്കാൻ തുടങ്ങി.

വ്യാഴാഴ്ച രാവിലെ ഭർത്താവിന് ചെറിയ അസ്വസ്ഥതയുണ്ടാവുകയുണ്ടായി രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായി, ഒരു 10 മണിയോടെ ഭർത്താവിന്റേയും മകന്റേയും റിസൾട്ടും വന്നു, മകന് നെഗറ്റീവും ഭർത്താവിന് പോസിറ്റീവും… മകനെ അവന്റെ അച്ഛന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് ഹോസ്പിറ്റലിൽ നിന്നും അയച്ച ആംബുലൻസിൽ ഞാനും മകളും ഹോസ്പിറ്റലിലേക്ക്… PPE കിറ്റ് ഒക്കെ ധരിച്ചൊരാളാണ് ആംബുലൻസ് ഡ്രൈവർ, അങ്ങനെ ആളുകളെ കാണുന്നത് തന്നെ ഭയപ്പെടുത്തുന്നു… രോഗത്തിന്റെ തീവ്രത, എത്ര ഭയാനകമായ ഒരു വൈറസാണ് എന്റെ ഉള്ളിലുള്ളത് എന്ന് മനസ്സിലാക്കുന്ന നിമിഷങ്ങളാണ് PPE കിറ്റിലെ ആളുകളെ കാണാനിടയാകുന്നത്. ഞാനും മോളും ആംബുലൻസിൽ കയറിയിരുന്നു ചുറ്റും നോക്കി, ചെറിയ ഒരു പേടിയോടെ തന്നെ, ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ എന്ന ചിന്തകൾ വരെ മിന്നി മാഞ്ഞു. വിഷമത്തോടെ ഞങ്ങൾ പോകുന്നതും നോക്കി അമ്മ, ചേച്ചി, അച്ഛൻ… കാഴ്ച മറയും വരെ ഞാൻ അവരെ തന്നെ നോക്കി നിന്നു…

ഹോസ്പിറ്റലിൽ എത്തിയപ്പോൾ കാണുന്നവരെല്ലാം PPE കിറ്റിൽ തന്നെയാണ്. Emergency Department ൽ ആണ് ആദ്യം എത്തിയത്. അവിടെ നിന്നും ഏതാനം ടെസ്റ്റുകളും ഞങ്ങൾ രണ്ടു പേർക്കും Cannula യും ഇട്ട്, മോൾടെ കൊറോണ ടെസ്റ്റും ചെയ്ത് ഉച്ഛയോടെ ഞങ്ങളെ റൂമിലേക്ക് മാറ്റി. ഭർത്താവിനെ അഡ്മിറ്റ് ചെയ്ത മുറിയിൽ, ഒരു മുറിയിൽ തന്നെ ഞങ്ങൾക്ക് മൂന്നുപേർക്കും താമസിക്കാൻ അനുമതി കിട്ടി എന്നുള്ളതാണ് ഒരേയൊരാശ്വാസം… രാത്രി ആയപ്പോൾ നേരത്തേ എടുക്കേണ്ടിയിരുന്ന എക്സറെ എടുക്കേണ്ട ആവശ്യം വന്നു. കൊറൊണയുടെ ലക്ഷണങ്ങളെന്നു പറയാൻ എനിക്ക് ഇടയ്ക്കനുഭവപ്പെടുന്ന ശ്വാസ തടസ്സം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊണ്ടവേദനയൊന്നും ഉണ്ടായിരുന്നേ ഇല്ല. എക്സ് റേ എടുക്കാൻ രാത്രിയാണ് പോകുന്നത്, ആളുകൾ കുറവായിരിക്കുമല്ലോ, റിസ്ക് കുറയ്ക്കാല്ലോ… അതൊരു നല്ലകാര്യമായി എനിക്കും തോന്നി… ഹോസ്പിറ്റലിൽ കൊറോണ പേഷ്യന്റ്സ് പോകുമ്പോ ഒരു വിളിച്ചു പറച്ചിലൊക്കെയുണ്ട്, ഹോസ്പിറ്റലിന്റെ രീതിയാണത്., എവിടെ നിന്നും എങ്ങോട്ട് എന്നാണ് ആ അനൗൺസ്മെന്റിൽ ഉണ്ടായിരിക്കുക… ശരിക്കും ഇങ്ങനെയൊക്കെ ആകുമ്പോൾ വിഷമം തോന്നേണ്ടതാണ്, എല്ലാവരും നമ്മെ പേടിച്ച് നോക്കിക്കാണ്വാ എന്നുള്ളത് പക്ഷേ എനിക്ക് പെട്ടന്ന് പണ്ടത്തെ തമ്പുരാക്കന്മാരെ പോലെ ആയതു പോലെ തോന്നി. ആകെ ഒരു രാജകീയ പ്രൗഡി… വിളിച്ചറിയിക്കാനൊരാൾ.., വഴിമാറുക വഴിമാറുക., പല്ലക്കിന് പകരം വീൽ ചെയർ, ബാക്കി എല്ലാവരും അടിയാളന്മാരും കുടിയാളന്മാരും പോലെ നമ്മെ കണ്ട് മാറി നിൽക്കുന്നു… പണ്ടത്തെ ഇങ്ങനെയുള്ള സിനിമകളൊത്തിരി ഓർമ്മയിലൂടെ മിന്നി മാഞ്ഞു. പെട്ടന്ന് ഒത്തിരി പേടിയുള്ള ഒരു സ്ത്രീ നടന്നു വരികയായിരുന്നു എന്നെ കണ്ടയുടനെ ഓടി രക്ഷപ്പെട്ടു, അവരെവിടേക്ക് മാഞ്ഞു പോയെന്നു പോലും കാണാനായില്ല അത്ര വേ​ഗത്തിലായിരുന്നു ഓട്ടം… എക്സറേ കഴിഞ്ഞു തിരിച്ച് റൂമിലെത്തി ഞാൻ ചിരിക്ക്വായിരുന്നു… എന്നെ കണ്ട് പേടിച്ച് ഓടിയ ഓട്ടമേ… എന്തായാലും അന്ന് പെട്ടന്ന് ഉറക്കം വന്നു.

വെള്ളിയാഴ്ച വൈകിട്ടാകുമ്പോഴേക്കും ഞങ്ങളെ ഹൈസണിലേക്ക് മാറ്റി. ഹോസ്പിറ്റലിന്റെ FIRST LEVEL TREATMENT CENTRE ആണ് ഹൈസൺ… ഇവിടെ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിലൊക്കെ ഒരു ടുറിനൊക്കെ വന്നെത്തി റുമെടുത്ത പോലെ ആയിരുന്നു… നല്ല സൗകര്യമുള്ള മുറി. ഹോസിപിറ്റൽ പ്രതീതി ഒന്നും ഇല്ലല്ലോ. ആരും നമ്മുടെ റൂമിലേക്ക് വരില്ല. ഡോക്ടേഴ്സ് പോലും മുറിക്ക് പുറത്ത് നിന്ന് ചോദിക്കുകയേ ഉള്ളു.., പിന്നെ നഴ്സ് സ്റ്റാഫ് വന്ന് ബി പിയും ടെംപ്റേച്ച്വറും നോക്കാൻ മുറിക്കകത്തേക്ക് വരും. പിന്നെ ക്ലീനിം​ഗ് സ്റ്റാഫ്. ഇവരൊക്കെ PPE കിറ്റിലാണ്. അവരെല്ലാം ഹോസ്പിറ്റൽ സ്റ്റാഫാണ്. ഹോസ്പിറ്റൽ Emergency Department ലെ പല സ്റ്റാഫും ഇവിടെ ഈ ഹോട്ടലിൽ ഉണ്ടെന്നറിഞ്ഞു. ഫുഡ് ആന്റ് സെർവീസ് ഹോട്ടലിന്റെ തന്നെയാണെന്ന് തോന്നുന്നു.

ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങൾ തിന്നും കുടിച്ചും കിടന്നുറങ്ങിയും കടന്നു പോയി പതിയെ മടുക്കാൻ തുടങ്ങി എത്ര സൗകര്യമുണ്ടെന്ന് പറഞ്ഞാലും എത്രയും ദിവസം റൂമിലടച്ചിരിക്കുന്ന അവസ്ഥ ഒന്ന് വേറെ തന്നെയാണ്… എങ്ങനെയും വീടെത്തണം, സ്വന്തം റൂമിൽ കിടന്നുറങ്ങാൻ പറ്റണം അത്രയൊക്കെയേ ഇപ്പോൾ ആഗ്രഹമുള്ളു… വീട്ടിലായിരുന്നപ്പോൾ മോനെ കാണായിരുന്നു, ടെറസ്സ് വരെ പോകാമായിരുന്നു ചെടികളെ പരിപാലിക്കാമായിരുന്നു.

അങ്ങനെ ബുധനാഴ്ച ടെസ്റ്റ് ആയിരുന്നു, നെ​ഗറ്റീവായോ എന്നറിയാൻ ചെയ്യുന്ന ടെസ്റ്റ് കുറച്ച് കടുകട്ടിയാണ്. മൂക്കിലാണ് കുത്തുന്നതെങ്കിലും കണ്ണിൽകുത്തിപ്പോക്വോന്ന് പേടിയാകും. ആ ടെസ്റ്റിൽ ഞാൻ നെ​ഗറ്റീവ് ആയി, മകളും ഭർത്താവും വീണ്ടും പോസിറ്റീവ് തന്നെ, മകൾ പോസിറ്റീവ് ആയതുകൊണ്ട് എനിക്ക് വീണ്ടും ഇവിടെ തന്നെ തുടരേണ്ടി വന്നു. എനിക്ക് വിഷമം സഹിക്കാൻ വയ്യാതെയായി… അതെന്താ അവർക്ക് നെ​ഗറ്റീവാകാത്തത് എന്ന ചിന്ത എന്നെ അലട്ടി.

അടുത്ത ടെസ്റ്റ് വെള്ളിയാഴ്ചയായിരുന്നു, അന്ന് ഭർത്താവ് നെ​ഗറ്റീവ് ആയി വീണ്ടും മകൾ പോസിറ്റീവ്. ഒന്നരാടൻ ആണ് ടെസ്റ്റ് ഉണ്ടാക്വ, നെ​ഗറ്റീവ് ആയതോടെ എനിക്കും ഭർത്താവിനും Medicine (Vitamin Tablets) നിർത്തി. ഇപ്പോൾ മോൾക്ക് ടെംപ്റേച്ച്വർ ടെസ്റ്റ് മാത്രേ ഉള്ളു. ഇപ്പോ ഞങ്ങടെ ബി പി ചെക്ക് ചെയ്താൽ ചിലപ്പോൾ കൂടുതലായിരിക്കും. ദിവസങ്ങളും മണിക്കൂറുകളും രാത്രിയും പകലും ഒന്നും ഇല്ലാതെയായി, ഉണരുന്നു ഉറങ്ങുന്നു എങ്ങനെയോ ദിവസം തീർക്കുന്നു.

ഞായറാഴ്ച വീണ്ടും ടെസ്റ്റ് ചെയ്തു മോൾക്ക് പിന്നേം പോസിറ്റീവാണ്… ഇപ്പോൾ പേടി തോന്നുന്നുണ്ട്. എത്ര വേദന സഹിക്കുന്നുണ്ട്. മൂക്കിലൂടെ ചോര വരെ വന്നു ഇത്തവണത്തെ ടെസ്റ്റിൽ. ഇതുവരെ വളരെ ലാഘവത്തോടെ മാത്രമാണ് ഇതെല്ലാം കണ്ടത്, ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലല്ലോ, പക്ഷെ, ഇവിടെ കൂട്ടിലകപ്പെട്ട ദിവസങ്ങൾ മണിക്കൂറുകൾ വളരെ വലുത് തന്നെയാണ്. ഞാനൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ഇതെല്ലാം…

എത്ര അടുത്ത ബന്ധമാണെങ്കിലും, അമ്മയോ സഹോദരങ്ങളോ അടുത്ത സുഹൃത്തുക്കളോ ആയിക്കോട്ടെ മാസ്ക് മാറ്റാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കണം… ദിവസങ്ങളുടെ ബുദ്ധിമുട്ടാണ്… എല്ലാവർക്കും ആരോഗ്യ പ്രശ്നമുണ്ടാവില്ലെങ്കിലും എല്ലാവരുടേയും ജീവിതത്തിൽ നിന്നും 10 ദിവസമെങ്കിലും ജയിലിലായ പോലെ തോന്നും… ഇന്നത്തേക്ക് 12 ദിവസമായി ഇവിടെ അടഞ്ഞിരിക്കുന്ന മുറിക്കുള്ളിൽ. ഞാനും എന്റെ ഭർത്താവും കോവിഡ് വിമുക്തരായെങ്കിലും മകൾ ഇതുവരെ ആയിട്ടില്ല. കുട്ടികളുടെ ​രോ​ഗ പ്രതിരോധ ശേഷി കുറവാണ് എന്നതാണ് കാരണം. പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ. വീട്ടിലെത്തിയാലും 7 ദിവസത്തോളം വീണ്ടും ക്വാറന്റൈൻ ആണ് എങ്കിലും അടുത്ത് പ്രിയപ്പെട്ടവരുണ്ട് എന്ന് സമാധാനിക്കാമല്ലോ, ഇവിടെ എന്തു തന്നെ സൗകര്യമുണ്ടെന്ന് പറഞ്ഞാലും, അടച്ചിട്ട മുറിക്കുള്ളിൽ കഴിയാൻ അൽപം അസൗകര്യം തന്നെയാണ്. വള്ളത്തോളിന്റെ വരികൾ കേട്ടിട്ടില്ലേ ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. അതെ, ബന്ധനം ബന്ധനം തന്നെ പാരിൽ…

Leave a Reply

Your email address will not be published. Required fields are marked *